Sep 26, 2017

ചരിത്രത്തെ എങ്ങനെയെല്ലാം കമ്മ്യൂണിസ്റ്റുകള്‍ വ്യഭിചരിച്ചു...


ചരിത്രത്തെ എങ്ങനെയെല്ലാം കമ്മ്യൂണിസ്റ്റുകള്‍ വ്യഭിചരിച്ചു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അവര്‍ പാടിനടക്കുന്ന ഗുജറാത്തിലെ ഗര്‍ഭിണിയുടെ 'വയര്‍ പിളര്‍ന്ന' കഥ. അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട്. പക്ഷേ അത് ഗുജറാത്തിലല്ല. 1921 ലെ മാപ്പിളലഹളയിലെ ഏറ്റവും ഭീകരമായ ദൃശ്യമായിരുന്നു അത്. എന്നാല്‍ സിനിമകളിലൊക്കെ ചെയ്യുന്നതുപോലെ ഫ്രെയിം മാറ്റി കഥ നിലനിര്‍ത്തി. അത്തരമൊരു നീച ചരിത്രരചനയാണ് കമ്മ്യൂണിസ്റ്റുകള്‍ നടത്തിയതും ഭീകരവാദികള്‍ പ്രചരിപ്പിച്ചതും.

കമ്മ്യൂണിസ്റ്റുകള്‍ ചരിത്രസമ്മേളനങ്ങള്‍ നടത്തുന്നത് ചരിത്രം ‘സൃഷ്ടി’ക്കാനാണ്. നിലവിലുള്ള ചരിത്രം എത്ര ശരിയാണെങ്കിലും അത് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ദൃഷ്ടിയില്‍ സ്വീകാര്യമല്ല. അതുകൊണ്ട് പാര്‍ട്ടിക്കു ചേരുന്ന കഥകള്‍ ഉണ്ടാക്കണം. അതിനവര്‍ പറഞ്ഞു, ചരിത്രമെന്നാല്‍ വ്യക്തികളുടെയല്ല സമൂഹത്തിന്റെയാണ്. ആ പേരില്‍ അവര്‍ യഥാര്‍ത്ഥ ചരിത്രത്തെ തിരസ്‌ക്കരിക്കുകയും തമസ്‌ക്കരിക്കുകയും ചെയ്തു.

ലോക കമ്മ്യൂണിസ്റ്റു ചരിത്രംതന്നെ കള്ളക്കഥകളുടെയും തട്ടിപ്പുകളുടെയും ആകെത്തുകയാണ്. ഭാരതത്തില്‍ അവര്‍ ചെയ്തത് ഉള്ള ചരിത്രം തിരുത്തി എന്നുമാത്രമല്ല ചരിത്രം തന്നെയില്ല എന്നുവരെ പറഞ്ഞുകളഞ്ഞു. ”ഇന്ത്യന്‍ ദേശീയതയ്ക്ക് അത്ര വലിയ തഴക്കവും പാരമ്പര്യവും ഒന്നുമില്ല. യൂറോപ്പില്‍ത്തന്നെ മുതലാളിത്ത സാമ്പത്തിക വളര്‍ച്ചക്കുശേഷമാണ് ദേശീയതയുണ്ടായത്. ഇന്ത്യയില്‍ അതിനുശേഷമാണ് ദേശീയത രൂപംകൊണ്ടത്. ഏറെ കവിഞ്ഞാല്‍ ഇന്ത്യന്‍ ദേശീയതക്ക് ഒരു നൂറ്റാണ്ടു പഴക്കമുണ്ടാവും. ഇവിടെയും അതുണ്ടായത് മുതലാളിത്ത സമ്പദ് വ്യവസ്ഥയെ തുടര്‍ന്നാണ്”.(ഇന്ത്യന്‍ ദേശീയത ഇടതുപക്ഷ വീക്ഷണം- ഇ.എം.എസ്. നമ്പൂതിരിപ്പാട്, മാതൃഭൂമി 27-06-1988)
ഈ നുണയുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ ഭാരതവും വിശിഷ്യ കേരളവും വളര്‍ന്നതും പുരോഗമിച്ചതും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്ഥാപനത്തോടെയാണെന്നു പറയാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല. ഇതാണ് പാര്‍ട്ടി തട്ടിപ്പ്. തങ്ങള്‍ക്കില്ലാത്തത് മറ്റാരും അവകാശപ്പെടാന്‍ പാടില്ല.

ദേശീയതലത്തിലും പ്രാദേശികതലത്തിലും അവരുടെ സംഭാവന ദേശദ്രോഹത്തിന്റേതാണല്ലോ. കേരളത്തിലെ ഏറ്റവും നീചമായ കൂട്ടക്കൊലയും കലാപവുമായിരുന്നല്ലോ മാപ്പിളലഹള. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യമില്ലാത്ത മുസ്ലിംകള്‍ മുഴുവന്‍ മറക്കാന്‍ ഇഷ്ടപ്പെടുന്ന ആ വര്‍ഗീയ കലാപത്തെ മഹത്വവല്‍ക്കരിക്കാനും അതിലൂടെ മതവിദ്വേഷം ജ്വലിപ്പിച്ചു നിര്‍ത്താനും കമ്മ്യൂണിസ്റ്റുകള്‍ ആദ്യംമുതലേ ശ്രദ്ധിച്ചിട്ടുണ്ട്. വര്‍ഗീയവികാരം നിലനിന്നാലേ പാര്‍ട്ടിക്കു വളര്‍ച്ചയുള്ളൂ. അതിനാല്‍ ഹിന്ദു-മുസ്ലിം അകലം ഏറ്റവും കൂടുതല്‍ വര്‍ദ്ധിപ്പിച്ച മാപ്പിള ലഹളയെ സ്വാതന്ത്ര്യസമരമെന്ന് പ്രഖ്യാപിച്ചു. അതിലൂടെ രണ്ടുകാര്യം സാധിച്ചു. മലബാറിലെ മതവിദ്വേഷം ജ്വലിപ്പിച്ചുനിര്‍ത്തി.ഒപ്പം വര്‍ഗീയവാദികളുടെയും ഭീകരവാദികളുടെയും പിന്തുണ നേടിയെടുക്കുകയും ചെയ്തു.

ഇതിന്റെ പിന്നില്‍ മറ്റൊരു ഗൂഢലക്ഷ്യവും കൂടിയുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകള്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവര്‍ എന്ന ചീത്തപ്പേര് കൊണ്ടുനടന്നിരുന്നല്ലോ. സ്വാതന്ത്ര്യാനന്തരം പലതവണ ദേശദ്രോഹത്തിന്റെ പേരില്‍ നിരോധനം ഏറ്റുവാങ്ങേണ്ടിയും വന്നു. ആ നാണക്കേടില്‍ നിന്ന് രക്ഷനേടാന്‍ അവര്‍ നടത്തിയ കൊലപാതകങ്ങളെ സ്വാതന്ത്ര്യസമരമെന്ന് വ്യാഖ്യാനിച്ചു. കൂലിയെഴുത്തുകാരെക്കൊണ്ട് കള്ളച്ചരിത്രമെഴുതിച്ചു. അങ്ങനെ സുബ്ബരായന്‍ എന്ന പോലീസുകാരനെ പുഴയിലിട്ട് കല്ലെറിഞ്ഞു കൊന്നത് (കയ്യൂര്‍) ‘സ്വാതന്ത്ര്യ’സമരമായി. കുട്ടികൃഷ്ണമേനോന്‍ എന്ന സബ് ഇന്‍സ്‌പെക്ടറെയും ഗോപാലന്‍ നമ്പ്യാര്‍ എന്ന ഹെഡ് കോണ്‍സ്റ്റബിളിനെയും വെട്ടിക്കൊന്നത് മൊറാഴ’സമര’മായി. ഇടപ്പള്ളി പോലീസ്‌സ്റ്റേഷന്‍ ആക്രമിച്ച് രണ്ടു പോലീസുകാരെ വെട്ടിക്കൊന്നത് ഇടപ്പള്ളി ‘വിപ്ലവ’മായി. ഈഴവരെയും പുലയരെയും മറ്റും കൂട്ടക്കുരുതിക്കു വിട്ടിട്ട് നേതാക്കള്‍ മാളത്തിലൊളിച്ച പുന്നപ്ര വയലാര്‍ ‘സ്വാതന്ത്ര്യസമരമായി’. പുന്നപ്രയില്‍ പോലീസിനെ പ്രകോപിപ്പിക്കാന്‍ മറ്റുവഴിയൊന്നും കാണാതെ പോലീസ് ക്യാമ്പ് ആക്രമിച്ച് പോലീസുകാരെക്കൊന്നത് ‘മഹാവിപ്ലവ’മായി.
ഇങ്ങനെ പാര്‍ട്ടിയുടെ അക്രമങ്ങളും കൊലപാതകങ്ങളും എല്ലാം മഹത്വവല്‍ക്കരിക്കുന്നതിനെയാണ് അവര്‍ ജനകീയ ചരിത്രം എന്നു പറയുന്നത്. ഈ കപടചരിത്രം പടച്ചുണ്ടാക്കുമ്പോള്‍ കുറെപ്പേരുടെയെങ്കിലും എതിര്‍പ്പ് ഇല്ലാതാക്കുന്നതിനാണ് മുസ്ലിംലീഗിനെയും ഭീകരവാദികളെയും പ്രീണിപ്പിക്കാന്‍, മാപ്പിളലഹളയെ ന്യായീകരിക്കാന്‍ പുതിയ ചരിത്രമെഴുതിയത്.

ചരിത്രത്തെ എങ്ങനെയെല്ലാം കമ്മ്യൂണിസ്റ്റുകള്‍ വ്യഭിചരിച്ചു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അവര്‍ പാടിനടക്കുന്ന ഗുജറാത്തിലെ ഗര്‍ഭിണിയുടെ ‘വയര്‍ പിളര്‍ന്ന’ കഥ. അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട്. പക്ഷേ അത് ഗുജറാത്തിലല്ല. 1921 ലെ മാപ്പിളലഹളയിലെ ഏറ്റവും ഭീകരമായ ദൃശ്യമായിരുന്നു അത്. എന്നാല്‍ സിനിമകളിലൊക്കെ ചെയ്യുന്നതുപോലെ ഫ്രെയിം മാറ്റി കഥ നിലനിര്‍ത്തി. അത്തരമൊരു നീച ചരിത്രരചനയാണ് കമ്മ്യൂണിസ്റ്റുകള്‍ നടത്തിയതും ഭീകരവാദികള്‍ പ്രചരിപ്പിച്ചതും.

മാപ്പിളലഹളയിലെ ക്രൂരപീഡനങ്ങള്‍ വിവരിച്ചുകൊണ്ട് മലബാറിലെ സ്ത്രീകള്‍ അന്നത്തെ വൈസ്രോയി റീഡിംഗ് പ്രഭുവിന്റെ ഭാര്യക്ക് ഒരു നിവേദനം നല്‍കി. ആ നിവേദനത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്: ”ഞങ്ങളുടെ ഭാഗ്യകെട്ട ജില്ല നിരവധി മാപ്പിളലഹളകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഈയിടത്തെ കലാപം വലുപ്പത്തില്‍ കിടയറ്റതും ക്രൂരതയില്‍ അഭൂതപൂര്‍വ്വവും ആയിരുന്നുവെന്ന് നിസ്സംശയം താങ്കള്‍ക്ക് അറിയാമല്ലോ. ഈ രാക്ഷസന്മാരായ കലാപകാരികള്‍ ചെയ്ത ഭീകര കൃത്യങ്ങളുടെയും അത്യാചാരങ്ങളുടെയും പൂര്‍ണ്ണവിവരം താങ്കള്‍ക്ക് ലഭിച്ചിരിക്കാനിടയില്ല.

ശരീരങ്ങള്‍കൊണ്ട് ഞങ്ങളുടെ പൂര്‍വ്വികമായ മതവിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറാകാത്തവരുടെ വെട്ടിമുറിച്ച ശരീരങ്ങള്‍ (അവയില്‍ പലരും മരിക്കുന്നതിനുമുമ്പുതന്നെ) കൊണ്ടുനിറഞ്ഞ കുളങ്ങളും കിണറുകളും, വഴിയരികിലും കാടുകളിലും വെട്ടിത്തുണ്ടമാക്കപ്പെട്ട ഗര്‍ഭിണികളുടെ വയറ്റില്‍നിന്നു പുറത്തേക്കു തുറിച്ചുനില്‍ക്കുന്ന ശിശുക്കള്‍, ഞങ്ങളുടെ കണ്‍മുന്നില്‍ വച്ചുപിടിച്ചുപറിച്ചെടുത്ത് കൊലചെയ്ത പിഞ്ചോമന മക്കള്‍, പീഡനത്തിനു വിധേയരാക്കപ്പെട്ട ഭര്‍ത്താക്കന്മാരും പിതാക്കന്മാരും ജീവനോടെ ദഹിപ്പിക്കപ്പെട്ടത്, ഉറ്റവരുടെയും ഉടയവരുടെയും ഇടയില്‍നിന്ന് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി ചിന്തിക്കാന്‍പോലും അസാധ്യമായ വിധം നരകത്തിലെ നായാട്ടുനായ്ക്കളുടെ മൃഗീയമായ ബലാല്‍ക്കാരത്തിന് വിധേയമാക്കപ്പെട്ട സഹോദരിമാര്‍, തികഞ്ഞ കാട്ടാളത്തവും നശീകരണവാഞ്ഛയും കൊണ്ടുമാത്രം ഇറച്ചിക്കൂമ്പാരമാക്കപ്പെട്ട ആയിരക്കണക്കിനു വീട്ടുമൃഗങ്ങള്‍, തകര്‍ക്കപ്പെട്ട ആരാധനാലയങ്ങളും അവയില്‍ പുഷ്പഹാരങ്ങളെക്കൊണ്ട് അലങ്കരിക്കപ്പെടാറുള്ള വിഗ്രഹങ്ങളെ പശുക്കളുടെ കുടല്‍മാല ചാര്‍ത്തിയത്…

സ്വന്തം ഗ്രാമങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട് ഉണ്ണാനും ഉടുക്കാനും ഇല്ലാതെ കാടുകളിലും മലകളിലും അലഞ്ഞുതിരിഞ്ഞു നടന്നത് എന്നിവയൊക്കെ ഞങ്ങള്‍ ഓര്‍ക്കുന്നു.” (ഗാന്ധി ആന്റ് അനാര്‍ക്കി-സര്‍.സി.ശങ്കരന്‍ നായര്‍ – പുറം 100)കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ അധ്യക്ഷന്റെ സാക്ഷിപത്രമാണിത്. ഈ ചരിത്രത്തെ കാലവും ദേശവും മാറ്റി ഗുജറാത്ത് കലാപത്തിലെ സംഭവമാക്കി. ‘ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്ന കഥ’ കമ്മ്യൂണിസ്റ്റുകള്‍ അവതരിപ്പിക്കുന്നത് അവരുടെ ചരിത്രരചനാ താല്‍പ്പര്യത്തെ ബോധ്യപ്പെടുത്തുന്നതാണ്.

ഇന്ത്യന്‍ ചരിത്ര കൗണ്‍സില്‍ എന്ന പേരില്‍ നടത്തുന്ന ഈ രാഷ്ട്രീയ തട്ടിപ്പിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം മേല്‍വിവരിച്ച സംഭവം നമ്മെ ബോധ്യപ്പെടുത്തും. കമ്മ്യൂണിസ്റ്റ് ചരിത്രരചനയുടെ താല്‍പ്പര്യം സമൂഹങ്ങള്‍ തമ്മിലുള്ള വിദ്വേഷം നിലനിര്‍ത്തലാണ്. സമുദായ സ്പര്‍ദ്ധയും മതവിദ്വേഷവുമാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ വളം. അവരെ സംബന്ധിച്ച് യൂണിവേഴ്‌സിറ്റികള്‍ വെറും കാലിത്തൊഴുത്തും ചരിത്രകാരന്മാര്‍ കാവല്‍നായ്ക്കളുമാണ്. കേരള യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ചരിത്ര കോണ്‍ഗ്രസ്സിലെ പ്രഖ്യാപനങ്ങളും പ്രസംഗങ്ങളും ഇതിനെ സാധൂകരിക്കുന്നതാണ്.

കാ.ഭാ.സുരേന്ദ്രന്‍
ജന്മഭൂമി
January 5, 2017

No comments: