Jun 20, 2011

ആപ്പിളിന്റെ മ്യൂസിക്‌റിയാലിറ്റി ഷോയും ഫ്ലാറ്റ്.......

ആപ്പിള്‍ ഫ്ലാറ്റ് തട്ടിപ്പുടമകള്‍ പ്രമുഖചാനലുമായി സഹകരിച്ചുനടപ്പാക്കിയ സംഗീതറിയാലിറ്റി ഷോയും ഫ്ലാറ്റ്....എറണാകുളം നഗരത്തില്‍ ഫഌറ്റ് വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് ഉടമകള്‍ മലയാളത്തിലെ ഒരു ചാനലുമായി ചേര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് നടത്തിയ റിയാലിറ്റിഷോയിലെ വിജയികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. '2 ക്രോര്‍ ആപ്പിള്‍ മെഗാ സ്റ്റാര്‍' എന്ന വമ്പന്‍പേരുമായെത്തിയ റിയാലിറ്റിഷോയില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് വാഗ്ദാനം ചെയ്ത സമ്മാനങ്ങള്‍ നല്‍കാതെ കബളിപ്പിച്ചുവെന്നാണ് പരാതി. ഒന്നാംസ്ഥാനത്തെത്തുന്നയാള്‍ക്ക് 25 ലക്ഷത്തിന്റെ ഫ്‌ളാറ്റും രണ്ടാം സ്ഥാനക്കാരന് ആള്‍ട്ടോ കാറും മൂന്നാംസ്ഥാനക്കാരന് പത്തുപവന്‍ സ്വര്‍ണവുമാണ് മുഖ്യസ്‌പോണ്‍സര്‍മാരായ ആപ്പിളുകാര്‍ വാഗ്ദാനം ചെയ്തത്.

റിയാലിറ്റിഷോയില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത് തിരുവനന്തപുരം പാപ്പനംകോട് സ്വദേശി സനൂജിനായിരുന്നു. രണ്ടാം സ്ഥാനം കൊല്ലം കൊച്ചുമക്കാനിപ്പള്ളിപുരയിടം സ്വദേശി നിയാസിനും. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചത് തൃശൂര്‍, വടകര സ്വദേശിനികള്‍ക്കായിരുന്നു. കോസ്റ്റിയൂമും യാത്രാച്ചെലവുമായി റിയാലിറ്റിഷോയില്‍ പങ്കെടുത്തവര്‍ക്കെല്ലാം കൈയില്‍നിന്ന് ചെലവായത് ലക്ഷങ്ങളാണ്. ഈ തുകയും ആപ്പിളുകാര്‍ നല്‍കുമെന്നായിരുന്നു അറിയിച്ചത്.

വിജയികളായവരെല്ലാം കൊച്ചിയിലെ ആപ്പിള്‍ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഭീഷണിയും പരിഹാസവുമാണ് ലഭിച്ചത്. പുതിയ സാഹചര്യത്തില്‍ ചിലര്‍ പരാതിയുമായി കോടതിയിലെത്തിയിരിക്കുകയാണ്. എന്നാല്‍ ആപ്പിളുകാരുടെ ഭീഷണിയില്‍ നിന്ന് ചിലര്‍ ഇപ്പോഴും മോചിതരായിട്ടില്ല. അതിനാല്‍ പരസ്യമായി തുറന്നുപറയാന്‍ പോലും ചിലര്‍ മടിക്കുന്നു. കൊല്ലം കൊച്ചുമക്കാനിപ്പള്ളി പുരയിടം സ്വദേശിയായ നിയാസിന് ഇപ്പോള്‍ റിയാലിറ്റിഷോയെന്ന് കേള്‍ക്കുമ്പോഴെ പേടിയാണ്. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമായ നിയാസ് ഏറെ പ്രതീക്ഷയോടെയായിരുന്നു ആപ്പിള്‍ ഷോയില്‍ പങ്കെടുത്തത്. ഈ ചെറുപ്പക്കാരന്‍ കടം മേടിച്ചാണ് കോസ്റ്റിയൂമും യാത്രാച്ചെലവും ഒപ്പിച്ചെടുത്തത്. സുഹൃത്തുക്കളുടെ കാരുണ്യവും തുണയായി. ഒടുവില്‍ രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ സന്തോഷം കൊണ്ട് നിയാസ് മതിമറന്നു. പക്ഷേ പിന്നീടാണ് ചതി മനസിലായതെന്ന് നിയാസ് പറയുന്നു.  രണ്ടാം സമ്മാനമായ ആള്‍ട്ടോ കാര്‍ ഉടന്‍ തന്നെ തരുമെന്നാണ് ആപ്പിള്‍ ഉടമകള്‍ നിയാസിനെ ചാനല്‍ മുഖേന അറിയിച്ചത്. എന്നാല്‍ പിന്നീട് ഇക്കാര്യം തിരക്കിച്ചെന്നപ്പോള്‍ പരിഹസിക്കുകയാണ് ചെയ്തത്. ആപ്പിള്‍ ഉടമകളായ സാജു കടവിലാനും രാജീവ്കുമാര്‍ ചെറുവാരയും പരാതി കേള്‍ക്കാന്‍ പോലും മിനക്കെട്ടില്ല. പരിഹാസം സഹിക്കവയ്യാതായപ്പോഴാണ് എറണാകുളം മുന്‍സിഫ്‌കോടതിയില്‍ ആപ്പിളിനെതിരെ പരാതിനല്‍കിയതെന്ന് നിയാസ് പറയുന്നു.

അതിനിടെ തട്ടിപ്പ്‌കേസിലെ മുഖ്യപ്രതികളിലൊരാളായ സാജു കടവിലാന്റെ ബാംഗ്‌ളൂരിലെ ഫ്‌ളാറ്റ് പൊലീസ് കണ്ടെത്തി. സാജുവിന്റെ ബെന്‍സ് കാര്‍ കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസമായി ബാംഗ്‌ളൂരില്‍ തിരച്ചില്‍ നടത്തുന്ന കൊച്ചിയില്‍ നിന്നുള്ള അന്വേഷണസംഘത്തിന് ഇന്നലെയാണ് ഫ്‌ളാറ്റ് കണ്ടെത്താനായത്. രാവിലെ മഫ്ടിയിലെത്തിയ കേരളപൊലീസിനെ അപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ അകത്തുകടക്കാന്‍ അനുവദിച്ചില്ല. ഇത് ചെറിയ തോതില്‍ വാഗ്വാദത്തിനും സംഘര്‍ഷത്തിനും ഇടയാക്കി. തുടര്‍ന്ന് ബാംഗ്‌ളൂര്‍ സിറ്റി പൊലീസിന്റെ സഹായം തേടുകയായിരുന്നു. നാലുദിവസം മുമ്പ് സാജു ഫ്‌ളാറ്റില്‍ നിന്ന് മുങ്ങിയതായാണ് പൊലീസിന് ലഭിച്ച വിവരം. ഇത് പൂര്‍ണ്ണമായി സ്ഥിരീകരിച്ചിട്ടില്ല. ബാംഗ്‌ളൂര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ് അപ്പാര്‍ട്ട്‌മെന്റ്. സാജു ഇവിടെ എത്തിയാല്‍ അറസ്റ്റ് ചെയ്‌തേക്കും. ഒരാഴ്ചയായി ഇവിടെ ആള്‍ത്താമസമുണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു.

പ്രതികളുടെ ഇപ്പോഴത്തെ നീക്കങ്ങള്‍ കൊടിയ ക്രിമിനലുകളെപ്പോലും വെല്ലുന്നതാണെന്നു പൊലീസ് കരുതുന്നു. പ്രതികളെ തേടി ബാംഗ്ലൂരിലെത്തിയ പൊലീസ് സംഘത്തെ ആക്രമിക്കാന്‍ നീക്കമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു സായുധ പൊലീസ് സംഘം ഇന്നു ബാംഗ്ലൂരിലേക്കു പുറപ്പെടും. അതുവരെ സുരക്ഷിത സ്ഥാനത്തു തങ്ങാന്‍, അവിടെയെത്തിയ പൊലീസ് സംഘത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലാരിവട്ടം എസ്‌ഐ അനില്‍ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണു ബാംഗ്ലൂരിലുള്ളത്. വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് അധികൃതര്‍ തയാറല്ല. ബാംഗ്ലൂരില്‍ നിന്നു പാലക്കാട്ടേക്കു വന്ന അജ്ഞാത ഫോണ്‍കോളില്‍ നിന്നാണ് ആക്രമിക്കാനുള്ള നീക്കം പൊലീസ് അറിഞ്ഞതെന്നാണു സൂചന. ഇതേത്തുടര്‍ന്നു കേരളാ പൊലീസ് ബാംഗ്ലൂര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

ബാങ്കു രേഖകളില്‍ കോടികളുടെ കടക്കാരായ ആപ്പിള്‍ ഉടമകള്‍ നിക്ഷേപകരില്‍ നിന്നു തട്ടിയെടുത്ത 150 കോടി രൂപ പൂഴ്ത്തിയ വഴികള്‍ കണ്ടെത്താന്‍ ആദായനികുതി വിഭാഗവും അന്വേഷണം തുടങ്ങി. ഇവരുടെ പാലരിവട്ടത്തെ ഓഫിസില്‍ നിന്നു പിടിച്ചെടുത്ത രേഖകളും നിക്ഷേപകരുടെ വിലാസവും ആദായനികുതി വിഭാഗം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആപ്പിള്‍ എ ഡേ ഉടമകളായ സാജു കടവിലാന്‍, രാജീവ്കുമാര്‍ ചെറുവാര എന്നിവരുടെ ഒളിത്താവളങ്ങള്‍ ഏതാണ്ടു മനസ്സിലാക്കിയാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെത്തിയത്. ഇവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകളും ഇന്റര്‍നെറ്റ് ഉപയോഗിച്ചതിന്റെ സൈബര്‍ രേഖകളും കണ്ടെത്തിയ ശേഷമായിരുന്നു പൊലീസിന്റെ നീക്കം.

No comments: