Jun 20, 2011

ഡല്‍ഹിയിലെ സ്വാമിമാരുടെ ചുവടുപിടിച്ച് തോക്കുസ്വാമിയും

ഇന്ത്യയില്‍ ഇത് സന്ന്യാസിമാരുടെ സമരകാലം. യോഗപഠിപ്പിക്കുന്ന ബാബാ രാംദേവ് മുതല്‍ വെറും കാഷായവേഷധാരികള്‍ വരെ ഇപ്പോള്‍ വലിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിലാണ്. ഈ കോലാഹലങ്ങള്‍ നടക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വിവാദനായകനായ സന്യാസിക്ക് അടങ്ങിയിരിക്കാനാകുമോ?. ഭക്തരുടെ വിഷമങ്ങള്‍ അകറ്റാനായി അദ്ദേഹം അവതരിക്കുക തന്ന ചെയ്ത്. അങ്ങനെ നമ്മുടെ പ്രീയപ്പെട്ട തോക്കുസ്വാമി ഹിമവല്‍ മഹേശ്വര വീണ്ടും അവതരിക്കുകയാണ്.

നിയമസഭാതെരഞ്ഞെടുപ്പിനുമുമ്പ് ഹിമവല്‍ അഗ്‌നി ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി രംഗത്തെത്തിയ സ്വാമി സര്‍ക്കാര്‍ 90 ദിവസം പിന്നിട്ടപ്പോഴേക്കും മറ്റൊരു പാര്‍ട്ടിയുമായാണ് പൊങ്ങിയിരിക്കുന്നത്. പുതിയ പാര്‍ട്ടിയുടെ പേര് ഓമ്‌നിപൊട്ടന്റ് പീപ്പിള്‍സ് പാര്‍ട്ടി(ഒ.പി.പി.). എല്ലാ പൊട്ടന്മാര്‍ക്കും സ്വാഗതം എന്നായിരിക്കണം സ്വാമിജിയുടെ മനസിലിരുപ്പ്. അടുത്തെങ്ങും തെരഞ്ഞെടുപ്പു നടക്കുന്നില്ലാത്തതിനാല്‍ സമരമാണ് സ്വാമിയുടെ മുന്നിലുള്ള മാര്‍ഗ്ഗം. അതും വെറും സമരമല്ല, നിരാഹാരസമരം. നിരാഹാരം അനുഷ്ഠിക്കുന്നതിനു മുന്നോടിയായി ഇരുപതോളം ആവശ്യങ്ങളും തോക്കുസ്വാമി സര്‍ക്കാരിനുമുന്നില്‍ ഉന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം കൊച്ചി പ്രസ്‌ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു സ്വാമി തന്റെ നിലപാടുകള്‍ പ്രഖ്യാപിച്ചത്. സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്കും സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാത്തവര്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കുക, സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ കുറയ്ക്കാന്‍ പൊതുസ്ഥലങ്ങളിലും ബസുകളിലും ട്രെയിനുകളിലും ഒളികാമറകള്‍ ഘടിപ്പിക്കുക, എല്ലാത്തരം രാസകീടനാശിനികളും കൃത്രിമവളങ്ങളും നിര്‍ത്തലാക്കുക, എല്ലാ ആത്മീയകേന്ദ്രങ്ങളില്‍ നിന്നും നിശ്ചിത തുക സാധുക്കള്‍ക്ക് വിതരണം ചെയ്യുക തുടങ്ങിയവയാണ് 'തോക്കുസ്വാമി'യുടെ ആവശ്യങ്ങള്‍. ഇല്ലെങ്കില്‍ നിരാഹാരം എന്നതാണ് ലക്ഷ്യം.ഓമ്‌നിപൊട്ടന്റ് പാര്‍ട്ടിയിലൂടെ കുറച്ചു പൊട്ടന്മാരേയും പൊട്ടികളേയും സംഘടിപ്പിക്കാന്‍ പറ്റുമെന്ന് തട്ടിപ്പിന്റെ ആള്‍രൂപമായ ഈ കാഷായവേഷധാരിക്കറിയാം.

ഉദാഹരം ചലചിത്രതാരം അനന്യതന്നെ. സാമാന്യം വിദ്യാഭ്യാസവും അതിലേറെ സൗന്ദര്യവുമുള്ള അനന്യ അടുത്തിടെയാണ് സ്വാമി ഹിമവല്‍ ഭദ്രാനന്ദയുടെ ആരാധകയാണെന്നു തുറന്നുപറഞ്ഞത്. കുട്ടിക്കാലത്തെ ഒരു കാര്യമെന്ന നട്ടിലാണ് നടി ഇതു തട്ടിവിട്ടത്. വീട്ടില്‍ പൂജാമുറിയില്‍ വച്ചിരിക്കുന്ന തോക്കുസ്വാമിയുടെ പടത്തില്‍ നിന്ന് അത്ഭുതകരമായി വിഭൂതി കൊട്ടക്കണക്കിന് പൊഴിഞ്ഞു എന്ന് എസിവിയോട് (ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍) അനന്യ പുളുവടിക്കുന്ന ഒരു വാര്‍ത്താവീഡിയോ ദൃശ്യമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പെരുമ്പാവൂര്‍ കൂപ്പന റോഡില്‍ വാര്യക്കാട് വീട്ടില്‍ വച്ചിരുന്ന ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ പടത്തില്‍ നിന്ന് ഭസ്മം പൊഴിഞ്ഞ വിസ്മയകരമായ സംഭവമാണ് എസിവിയുടെ വീഡിയോയിലുള്ളത്. ഈ വിസ്മയ സംഭവത്തിന് വിദ്യാര്‍ത്ഥിനിയായ അനന്യ ദൃക്‌സാക്ഷിയായിരുന്നു. അതിനാല്‍ ടിവിക്കാര്‍ അനന്യയോട് എന്താണ് ഉണ്ടായതെന്ന് ചോദിക്കുന്നതും വിഭൂതി പൊഴിഞ്ഞ അത്ഭുതസംഭവം അനന്യ വിവരിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

മാലിനി നായര്‍ എന്ന യൂസറാണ് അനന്യ ഭക്തിയുടെ പാരമ്യത്തില്‍ അത്ഭുതകഥ വിവരിക്കുന്ന വീഡിയോ യൂട്യൂബില്‍ ഇട്ടിരിക്കുന്നത്. തോക്കുസ്വാമിയുടെ ചിത്രത്തിന് നേരെ ചന്ദനത്തിരി കത്തിച്ച് വീശിക്കൊണ്ട് നില്‍ക്കുന്ന അനന്യയുടെ ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. 'ഇന്നലെ ഒരു പത്തരയായപ്പോഴാണ് ഞങ്ങളിത് കണ്ടത്. പരീക്ഷയായതിനാല്‍ ബുക്കുകളെല്ലാം എടുത്ത് ബാഗിലേക്ക് വയ്ക്കാന്‍ നോക്കിയപ്പോള്‍ ഭസ്മം അങ്ങിനെ വീണ് കിടക്കുന്നു. പതിവില്ലാ!ത്ത തരത്തില്‍ ഭസ്മം കണ്ടപ്പോള്‍ ഞാന്‍ വീട്ടുകാരെ വിളിച്ച് പറഞ്ഞു. ഞങ്ങള്‍ക്ക് വളരെ സന്തോഷവും അത്ഭുതവുമായി. ബാബയുടെ ചിത്രത്തില്‍ നിന്ന് ഭസ്മം പൊഴിയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സ്വാമിജിയുടേത് കൂടി കണ്ടപ്പോള്‍ എനിക്ക് ഭക്തി കൂടി. വീട്ടില്‍ എല്ലാവര്‍ക്കും വലിയ സന്തോഷമായിരുന്നു. ഞങ്ങള്‍ എല്ലാവരെയും അറിയിച്ചു. രണ്ട് മണിയായപ്പോഴേക്കും ഭസ്മം വളരെ കൂടി' എസിവിയോട് അനന്യ പറയുന്നു.

'ലൈംഗികസ്വാമി' ആയ സന്തോഷ് മാധവനെ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് തോക്കും ചൂണ്ടിക്കൊണ്ട് പൊലീസ് സ്‌റ്റേഷനിലെത്തി ജയിലില്‍ കഴിയേണ്ടി വന്നതിനെ തുടര്‍ന്നാണ് ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയ്ക്ക് തോക്കുസ്വാമി എന്ന് പേര് വീണത്. ഈ സംഭവത്തിനും വളരെ മുമ്പാണ് അനന്യയുടെ വീട്ടിലുണ്ടായ അത്ഭുതപ്രതിഭാസം ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍ ഷൂട്ട് ചെയ്തിരിക്കുന്നതെന്ന് വ്യക്തം. തോക്കുസ്വാമിക്ക് ആരാധകവൃന്ദം ഉണ്ടാക്കാനായി ആരോ കരുതിക്കൂട്ടി ഉണ്ടാക്കിയ അത്ഭുതമാണ് വിഭൂതി പൊഴിയല്‍ എന്ന് ഉറപ്പിക്കാം. അനന്യക്ക് ഒരു പക്ഷേ ഈ തട്ടിപ്പിനെ പറ്റി അറിയില്ലായിരിക്കാമെന്നും സംശയിക്കുന്നു.

എതായാലും ഒരിടവേളയ്ക്കുശേഷം കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പോടെയായിരുന്നു ഹിമവല്‍ദഭ്രന്റേ കേരളീയ സാംസ്‌കാരിക ലോകത്തേക്കുള്ള രണ്ടാംവരവ്. അന്ന് ഹിമവല്‍ അഗ്‌നി ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപപ്പെടുത്തിയ അദ്ദേഹം നിയമസഭാ തിരഞ്ഞടുപ്പില്‍ കൊല്ലം നിയോജക മണ്ഡലത്തില്‍ 11 ല്‍ 10 സീറ്റിലും മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഒന്നും നടന്നില്ല. പരസ്പരം സ്ഥാനമാനത്തിനു വേണ്ടിയുള്ള അവഹേളിക്കല്‍ , ദുഷിക്കല്‍ , കുറ്റം ചുമത്തല്‍ ,അഴിമതി എന്നിവ അഗ്‌നിയില്‍ ഉണ്ടാവില്ലെന്നായിരുന്നു സ്വാമിജിയുടെ അന്നത്തെ പ്രകടനപത്രിക. ജനത്തിന്റെ മനസ്സറിഞ്ഞു ജനത്തിനോടൊപ്പം നില്‍ക്കുന്ന ഒരു പ്രസ്ഥാനമാണ് അഗ്‌നി. മറ്റുള്ള പാര്‍ട്ടിക്കാരെ പോലെ നടക്കാത്ത മോഹന വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നവരല്ല അഗ്‌നി സംഘം. അഗ്‌നി സംഘം എന്തെങ്കിലും വാഗ്ദാനം തന്നിട്ടുണ്ടെങ്കില്‍ അത് നടപ്പിലാക്കിയിരിക്കും മറിച്ചു നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചില്ലങ്കില്‍ അഗ്‌നിയുടെ നേതാക്കള്‍ ആ സ്ഥാനം രാജിവെച്ചിരിക്കും. ജനങ്ങളെ കാലങ്ങളായി പറഞ്ഞു പറ്റിക്കുന്ന പാര്‍ട്ടി നേതാക്കളുടെ കപടത കണ്ടു മടുത്ത കേരളീയ യുവജനത്തിന്റെ പ്രതികരണമാണ് അഗ്‌നി തുടങ്ങാന്‍ പ്രേരിപ്പിച്ചത്.

കേരളീയ ജനതയ്ക്ക് സത്യസന്ധതയുടെയും സംസ്‌കാരത്തിന്റെയും ഒരു പുതിയ അനുഭവമായിരിക്കും അഗ്‌നി സംഘം എന്നുള്ളതില്‍ സംശയിക്കേണ്ടതില്ല. എല്ലായ്‌പ്പോഴും ജനങ്ങളെ സേവിക്കുക, ഏതു പ്രതിസന്ധിയിലും ജനങ്ങളുടെ കൂടെ അവരില്‍ ഒരാളായി അവരുടെ നന്മയ്ക്കും അഭിവൃദ്ധിക്കും വേണ്ടി രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുക എന്നതാണ് അഗ്‌നി സംഘത്തിന്റെ ലക്ഷ്യം. ഒരു മത സംഘടനകളുമായും അഗ്‌നിക്ക് യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. തിരഞ്ഞടുപ്പില്‍ തോറ്റാലും ജയിച്ചാലും അഗ്‌നി ജനനന്മക്കു വേണ്ടി പ്രവര്‍ത്തിക്കും. ആരുടെയും കുറ്റം പറഞ്ഞു അഗ്‌നിക്ക് ഒരു സ്ഥാനവും നേടണ്ട. അഗ്‌നി ജനത്തിന്റെ വേലക്കാരാണ് അല്ലാതെ വോട്ടു വാങ്ങി വിജയിച്ചതിനു ശേഷം ജനത്തിനെ അടിമയാക്കുന്ന സ്ഥിരം പരിപാടി അഗ്‌നി കാണിക്കില്ല. യുവാക്കളാണ് ലോകത്തിന്റെ ഭാവി. യുവാക്കള്‍ക്ക് മാത്രമേ പുതു ജീവനും പുതുമകളും ലോകത്തിനു നല്കാന്‍ സാധിക്കു, അതിനാല്‍ യുവാക്കള്‍ തന്നെയായിരിക്കും അഗ്‌നിയുടെ നേതാക്കളെന്നും കക്ഷി പ്രഖ്യാപിച്ചിരുന്നു.  എന്നിട്ട് എന്തായി എന്നു ചോദിച്ചാല്‍ എല്ലാം മായയായിരുന്നു എന്നായിരിക്കും ഇപ്പോള്‍ ഹിമവല്‍ദദ്രന്റെ ഉത്തരം.

No comments: