Oct 10, 2017

വാടസ്ആപ്പ് - അപകടങ്ങൾ... ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ


വാടസ്ആപ്പ് - അപകടങ്ങൾ... ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ

വ്യക്തിഗത മെസ്സേജിങിനായി ഏറ്റവും പ്രചാരമുള്ള ആപ്ലിക്കേഷനുകളാണ് വാട്‌സ്ആപ്പ്, ഐഎംഒ, ടെലിഗ്രാം, ഹൈക്ക് തുടങ്ങിയവ. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു മാത്രമേ ഇവയില്‍ എല്ലാം തന്നെ രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളു. ഈ മൊബൈല്‍ നമ്പര്‍ ആണ് മെസേജിങ് ആപ്ലിക്കേഷനുകളിലെ ഉപഭോകതാക്കളുടെ യുണീക് ഐഡന്റിറ്റിയും.

സോഷ്യല്‍ മീഡിയാ വിഭാഗത്തില്‍പെടുന്ന ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവ ഇമെയില്‍ ഐഡി ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യാവുന്നവയാണ്. അതിനാല്‍ തന്നെ അത്തരം സോഷ്യല്‍ മീഡിയകളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുക എന്നത് അധികം വളരെ എളുപ്പമാണ്. അങ്ങനെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ദുരുപയോഗം ചെയ്യുന്ന നിരവധി ആളുകളുണ്ട്. അവയില്‍ ചിലത് പിടിക്കപ്പെടുകയും ചിലത് തുടരുകയും ചെയ്യുന്നുമുണ്ട്.

മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുന്നതിനാല്‍ വാട്‌സ്ആപ്പ് പോലുള്ള മെസഞ്ചര്‍ ആപ്ലിക്കേഷനുകളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും ധാരണ. എന്നാല്‍ അങ്ങനെയല്ല. വാട്‌സ്ആപ്പില്‍ യൂണീക് ഐഡന്റിറ്റിയായി ഒരു ഫോണ്‍ നമ്പര്‍ വേണം എന്നത് ശരിതന്നെയാണ് പക്ഷെ ആ നമ്പറുകള്‍ വ്യാജമായി സൃഷ്ടിക്കാവുന്നതേയുള്ളൂ.

വ്യാജ നമ്പറുകള്‍ ഉപയോഗിച്ചുള്ള അക്കൗണ്ടുകളില്‍ നിന്നാണ് ഇത്തരം സന്ദേശങ്ങള്‍ വരുന്നത്

അടുത്ത കാലത്തായി +1, +60 തുടങ്ങിയ അക്കങ്ങളില്‍ തുടങ്ങുന്ന ഫോണ്‍ നമ്പറുകളില്‍ നിന്നും ഇന്ത്യയിലെ വിവിധയിടങ്ങളിലുള്ള വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക്  ലഭിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടയിരുന്നു. ഒറ്റ നോട്ടത്തില്‍ വിദേശ നമ്പറുകളാണെന്ന് നമ്മള്‍ ധരിച്ചുപോവും. എന്നാല്‍ ഇവയെല്ലാം വാട്‌സ്ആപ്പില്‍ വ്യാജമായി നിര്‍മിച്ച അക്കൗണ്ടുകളാണ്.

ഭീകരവാദികളും മത തീവ്രവാദികളുമെല്ലാം ആശയ പ്രചരണത്തിനും യുവാക്കളെ ആകര്‍ഷിക്കുന്നതിനുമായി എന്‍ക്രിപ്റ്റഡ് സംവിധാനമുള്ള ടെലിഗ്രാം, വാട്‌സ്ആപ്പ് പോലുള്ള മെസേജിങ് ആപ്ലിക്കേഷനുകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

യഥാര്‍ഥ നമ്പറുകള്‍ ഉപയോഗിക്കുമ്പോള്‍ പിടിക്കപ്പെടുമെന്നതിനാലാണ് വ്യാജ നമ്പറുകള്‍ സൃഷ്ടിച്ച് അക്കൗണ്ടുകള്‍ നിര്‍മിക്കുന്നത്. പണം കൊടുത്തു വാങ്ങിക്കാവുന്ന വെർച്വൽ നമ്പർ (Virtual Number) ഇന്റര്‍നെറ്റില്‍ സുലഭമാണ് ഇത്  ഉപയോഗിച്ചാണ് ഈ വിരുതന്മാര്‍ വ്യാജ വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നത്.

മാത്രമല്ല, ഹാക്കര്‍മാരും ഈ അജ്ഞാത വാട്‌സാപ്പ് നമ്പറുകളെ ഉപയോഗപ്പെടുത്താറുണ്ട് 'Dear user now you can send facebook messages to your whatsapp friends. for more details  please go through this llink' ഇങ്ങനെ ഒരു മെസ്സേജും ഒരു ലിങ്കും +1 -ല്‍ തുടങ്ങുന്ന അജ്ഞാത വാട്‌സ്ആപ്പ് നമ്പറില്‍ നിന്നും നമ്മുടെ  വാട്‌സ്ആപ്പിലേക്ക് വന്നുകഴിഞ്ഞാല്‍ നമ്മള്‍ ആദ്യം ആ മെസ്സേജ് അയച്ച വ്യക്തിയുടെ ഐഡന്റിറ്റി ട്രൂ കോളര്‍ എന്ന ആപ്പ് വഴി കണ്ടെത്താനാകും ശ്രമിക്കുക.

എന്നാല്‍ ഈ വ്യാജ വാട്‌സാപ്പ് നമ്പര്‍ ഉപയോഗിച്ച് തരികിട നടത്തുന്ന വിരുതന്മാര്‍ക്ക് ട്രൂ കോളറില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കാനാണോ പ്രയാസം? ട്രൂകോളറില്‍ വ്യാജ ഐഡി ഉണ്ടാക്കി വാടസ്ആപ്പിന്റെ ഉടമസ്ഥതയിലുള്ള നമ്പര്‍ ആണ് ഇത് എന്ന ഇവര്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.

അപകടം മനസിലാകാതെ അജ്ഞാത നമ്പറില്‍ നിന്നും വരുന്ന സന്ദേശത്തിലെ നിര്‍ദേശങ്ങള്‍ അനുസരിച്ച് സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍..ആ ലിങ്കില്‍ ഹാക്കര്‍മാര്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന വ്യാജ ലോഗിന്‍ പേജിലേക്ക് റീ ഡയറക്റ്റ് ചെയ്യുന്നു. ചിലപ്പോള്‍ അത് ഫേസ്ബുക്കിന്റേയോ ട്വിറ്ററിന്റേയോ ജിമെയിലിന്റേയോ ചിലപ്പോള്‍ നിങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്കിന്റേയോ വ്യാജ ലോഗിന്‍ പേജ് ആകും.

നിങ്ങളുടെ യൂസര്‍ നെയിമും പാസ്‌വേഡും എന്റര്‍ ചെയ്തു ലോഗിന്‍ കൊടുത്തു കഴിയുമ്പോള്‍ തന്നെ ആ എന്റര്‍ ചെയ്ത യൂസര്‍ നെയിമും പാസ്​വേഡ് ഉം ഹാക്കര്‍ക്ക് ലഭിക്കുന്നു. അപ്പോള്‍ തന്നെ അവര്‍ ആ അക്കൗണ്ട് കൈക്കലാക്കുകയും തിരികെ നല്‍കണമെങ്കില്‍ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്നു .

ഇത്തരം നമ്പറുകളില്‍ നിന്നും വ്യാജ സന്ദേശങ്ങള്‍ നിങ്ങള്‍ക്കോ നിങ്ങളുടെ ബന്ധുക്കള്‍ക്കോ കൂട്ടുകാര്‍ക്കോ എപ്പോള്‍ വേണമെങ്കിലും ലഭിച്ചേക്കാം. നിങ്ങള്‍ക്ക് പരിചയമില്ലാത്ത ഒരു അക്കൗണ്ടില്‍ നിന്ന് നിങ്ങള്‍ ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് പോലുള്ള മെസേജിങ് ആപ്ലിക്കേഷനുകളിലേക്ക് എന്തെങ്കിലും സന്ദേശം ലഭിച്ചാല്‍ തന്നെ അതില്‍ അസ്വാഭാവികതയുണ്ടെന്ന് തിരിച്ചറിയുക. സന്ദേശത്തിന്റെ ഉള്ളടക്കം മുന്‍ പറഞ്ഞത് പോലെ വിവിധ വാഗ്ദാനങ്ങള്‍ക്കൊപ്പം വരുന്ന ലിങ്കുകള്‍ ആണെങ്കില്‍ തീര്‍ച്ചയായും ആ നമ്പറുകള്‍ അവഗണിക്കുകയും അവ വാട്‌സ്ആപ്പിന് റിപ്പോര്‍ട്ട് ചെയ്യുകയും നിങ്ങളുടെ സുരക്ഷയ്ക്കായി അവ ബ്ലോക്ക് ചെയ്യുകയും ചെയ്യുക.

No comments: