രാമായണമാസം പിറന്ന ചരിത്രം...
കേരളം കര്‍ക്കിടകത്തെ രാമായണ മാസമാക്കി മാറ്റിയിട്ടു 32 വര്‍ഷം കഴിയുന്നു. കള്ളക്കര്‍ക്കിടത്തെ പുണ്യ കര്‍ക്കിടകമാക്കി മാറ്റിയ ആ സാമൂഹ്യ ഇന്ദ്രജാലത്തിനു പിന്നില്‍ വലിയൊരു സാത്വിക വിപ്ലവമുണ്ട്. കേരളത്തിന്റെ മനസാകെ മാറ്റിയ ആ സാംസ്കാരിക സാമൂഹ്യ ചരിത്രം ഇങ്ങനെ….
കൊല്ലവര്‍ഷാരംഭത്തെക്കുറിച്ച് തര്‍ക്കമുണ്ടാവാം. എന്നാല്‍ കൊല്ലവര്‍ഷത്തില്‍ പന്ത്രണ്ട് മാസങ്ങള്‍:അതിലൊന്ന് കര്‍ക്കിടകവും എന്നതില്‍ തര്‍ക്കമില്ല. തിരിമുറിയാതെ മഴ പെയ്യുന്ന കള്ളക്കര്‍ക്കിടകം ഇപ്പോള്‍ കലണ്ടറിലൊതുങ്ങി. മലയാളിയുടെ മനസില്‍ അത് രാമായണ മാസമായി മാറി. മലയാളിയുള്ളിടത്തെല്ലാം കര്‍ക്കിടകം രാമായണ മാസാചരണത്തിന് വഴിമാറി. മഴപ്പെയ്ത്തിന്റെ ഇരമ്പലിനുള്ളില്‍ അദ്ധ്യാത്മരാമായണ ശീലുകളുടെ ഭക്തിസാന്ദ്രമായ വായന കൊണ്ട ്കേരളം മുഖരിതമാവുന്നു. മലയാളിയുടെ മനസ്സില്‍ വീണ്ടും തുഞ്ചന്റെ കിളിക്കൊഞ്ചല്‍.
1930 കളില്‍ കേരളത്തില്‍ മുഴങ്ങിയ രാമായണം കത്തിക്കുക എന്ന ആഹ്വാനത്തില്‍ നിന്നും രാമായണമാസത്തിലേക്കുളള കേരള സമൂഹത്തിന്റെ സംക്രമണത്തിന് പിന്നില്‍ സോദ്ദേശ്യപൂര്‍വ്വം പരിശ്രമം നടത്തിയ ഒരു കൂട്ടം സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ തപസിന്റെ ബലമാണുള്ളത്. ഒരുജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരുദേവന്റെ മഹദ്ദര്‍ശനത്തിന് മുകളില്‍ കുതര്‍ക്കത്തിന്റെ കരിമ്പടം ചാര്‍ത്തിക്കൊണ്ട് ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന ആഹ്വാനം മുഴങ്ങിയ കേരളം. രാമായണവും മഹാഭാരതവും ചുട്ടെരിക്കുക, ക്ഷേത്രങ്ങള്‍ തട്ടിനിരത്തി കപ്പവെക്കുക എന്ന കമ്മ്യൂണിസ്റ്റ് കാപട്യത്തിന് വേര്‍കിളിര്‍ത്ത കേരളം തുഞ്ചന്റെ കളിക്കൊഞ്ചല്‍ ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെപ്പോല്‍ പിടഞ്ഞ് മരിച്ചുപോകുമോ എന്ന് സന്ദേഹിച്ച കേരളം. ആ കേരളത്തിലാണ് ആധ്യാത്മികതയുടെ തിരത്തളളല്‍ പോലെ ഇന്ന് രാമായണ മാസം ആചരിക്കുന്നത്.
1982 ല്‍ ഏപ്രില്‍ 4,5 തിയ്യതികളില്‍ എറണാകുളത്ത് നടന്ന ഐതിഹാസികമായ ഒരു സമ്മേളനത്തിന്റെ ചരിത്രത്തിലേക്കാണ് രാമായണമാസത്തിന്റെ വേരുകള്‍ നീണ്ടു ചെല്ലുന്നത്. ഹൈന്ദവ ഐക്യത്തിന്റെ ഗംഗാപ്രവാഹം പോലെ എറണാകുളത്ത് നടന്ന വിശാലഹിന്ദുസമ്മേളനം കേരളചരിത്രത്തിലെ ഒരു നാഴികകല്ലാണ്. സ്വാമി ചിന്മയാനന്ദനും, സ്വാമി വിശ്വേശതീര്‍ത്ഥയും ഡോ.കരണ്‍സിംഗും ആര്‍എസ്‌എസ് സര്‍സംഘചാലക് പ്രൊഫ. രാജേന്ദ്ര സിംഗും പങ്കെടുത്ത സമ്മേളനത്തില്‍ ‘ഹിന്ദുക്കള്‍ നാമൊന്നാണേ’ എന്ന ഈരടികളുമായി ലക്ഷങ്ങളാണ് അണിചേര്‍ന്നത്. വലുപ്പം കൊണ്ടും ഉള്ളടക്കം കൊണ്ടും സവിശേഷവും സമ്പന്നവും ആയിരുന്നു ആ സമ്മേളനം. വിശാലഹിന്ദു സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധിസമ്മേളന വേദിയില്‍ നടന്ന മംഗളപൂജയില്‍ ശ്രീനാരായണപരമ്പരയിലെ തന്ത്രി മുഖ്യനായ പറവൂര്‍ ശ്രീധരന്‍ തന്ത്രിയായിരുന്നു കാര്‍മികത്വം വഹിച്ചത്. പാരമ്പര്യ തന്ത്രി മുഖ്യരില്‍ പ്രമുഖനായ സൂര്യ കാലടി സൂര്യഭട്ടതിരിപ്പാട് താന്‍ പരികര്‍മ്മിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു മുന്നോട്ടുവന്നു. തന്ത്രിമുഖ്യനായ പെരുവനം കെ.പി.സി.അനുജന്‍ ഭട്ടതിരിപ്പാട്ടും ഷര്‍ട്ട് ഊരിവെച്ച് താനും പരികര്‍മ്മിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഭ്രാന്താലയത്തില്‍ നിന്നും തീര്‍ത്ഥാലയത്തിലേക്കുള്ള കേരളത്തിന്റെ തീര്‍ത്ഥയാത്രയിലെ അവിസ്മരണീയ സംഭവമായിരുന്നു അത്. വിശാലഹിന്ദു സമ്മേളനത്തിന്റെ സംഘാടകസമിതി തുടര്‍ന്ന് ഒരു സംഘടനയായി തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് 1982 ജൂണ്‍ 6 ന് എറണാകുളം ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാ ഹാളില്‍ എ.ആര്‍.ശ്രീനിവാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിശാലഹിന്ദു സമ്മേളന നിര്‍വ്വാഹക സമിതി യോഗത്തിലാണ് കര്‍ക്കിടകമാസം രാമായണ മാസമായി ആചരിക്കാന്‍ തീരുമാനിച്ചത്. ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി എന്നിവരുടെ ജയന്തി ദിനങ്ങള്‍ ആചാര്യ ത്രയം എന്ന രീതിയില്‍ സമാഘോഷിക്കാനും യോഗം തീരുമാനിച്ചു.
മുനിഞ്ഞുകത്തുന്ന നിലവിളക്കു വെട്ടത്തില്‍ മുത്തശ്ശിമാര്‍ ഒരു ചടങ്ങുപോലെ വായിച്ചു തീര്‍ത്ത രാമായണം ഗ്രാമ-നഗര-ഭേദമെന്യേ പൊതുവേദികളില്‍ വായിക്കാന്‍ തുടങ്ങി. ക്ഷേത്രസങ്കേതങ്ങളില്‍, പൊതുവേദികളില്‍ രാമായണ വായനക്കപ്പുറത്തേക്ക് രാമായണദര്‍ശനത്തിന്റെ ഗരിമ വിളംബരം ചെയ്യുന്ന വിദ്വല്‍ സദസ്സുകള്‍ ആരംഭിച്ചു. സെമിനാറുകളും വിചാരസദസുകളും രാമായണ പ്രഭാഷണപരമ്പരകളും ആരംഭിച്ചു. കാലഹരണപ്പെടാത്ത ആചാരരീതികളെ കാലത്തിന്റെ മാറ്റത്തിനൊത്ത് പരിഷ്കരിച്ചു കൊണ്ട് കേരള സമൂഹം രാമായണ മാസാചരണത്തെ ഏറ്റുവാങ്ങി.
എന്നാല്‍ എളുപ്പമായിരുന്നില്ല ഈ സംക്രമണദശ. രാമായണ മാസാചരണത്തെ എതിര്‍ക്കാന്‍ പതിവുപോലെ കേരളത്തിലും ചിലരുണ്ടായി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും പുരോഗമന കലാസാഹിത്യസംഘവും രാമായണമാസാചരണത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് രംഗത്തുവന്നു. രാമായണമല്ല രാവണായനമാണ് വേണ്ടതെന്ന ആഹ്വാനവും ശ്രീരാമനെയും സീതയെയും രാമായണത്തെയും പുച്ഛിച്ചുകൊണ്ടും എഴുത്തും പ്രഭാഷണവും അരങ്ങേറി. തിരുനല്ലൂര്‍കരുണാകരന്‍ മുതല്‍ ഇഎംഎസ് വരെ അണിനിരന്ന ഈ എതിര്‍പ്പിന് കരുത്തായി സിപിഎം പാര്‍ട്ടിയന്ത്രവും പ്രവര്‍ത്തിച്ചു. സുദീര്‍ഘമായ സംവാദങ്ങള്‍, മറുപടികള്‍ കൊണ്ട് കേരളത്തിന്റെ വൈചാരിക രംഗം ചൂടുപിടിച്ചു.
1982 ജൂലൈ 25 തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് സെന്ററില്‍ ചേര്‍ന്ന പുരോഗമന കലാസാഹിത്യ സംഘം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് തിരുനെല്ലൂര്‍ കരുണാകരന്‍ ഇങ്ങനെ പറഞ്ഞു “ശ്രീരാമന്‍ രാജ്യം ഭരിച്ചിരുന്ന രാമരാജ്യത്തില്‍ ഒരു ശുദ്രന്‍ തപസുചെയ്തു. വിവരമറിഞ്ഞ വിശ്വാമിത്രന്‍ ശുദ്രന്‍ തപസുചെയ്യുന്നത് അധര്‍മ്മമാണെന്ന് ശ്രീരാമനെ അറിയിച്ചു. രാമന്‍ ആ ശുദ്ധാത്മാവിന്റെ കഴുത്തു വെട്ടി. രാമരാജ്യം പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണം”
ഇഎംഎസ് നമ്പൂതിരിപ്പാട് മാര്‍ക്സിസവും മലയാള സാഹിത്യവും എന്ന പുസ്തകത്തില്‍ എഴുതി: “ഈ കൃതികള്‍ (രാമായണവും മഹാഭാരതവും) കേരള ജനതയുടെ പുരോഗതി തടസ്സപ്പെടുത്തുന്ന ഒരുവീക്ഷണഗതിയാണ് സാധാരണക്കാരുടെ മനസില്‍ ഉണര്‍ത്തിവിട്ടത് എന്ന് തീര്‍ച്ചയാണ്. രാമായണത്തിലും മഹാഭാരതത്തിലും ആവിഷ്കരിക്കപ്പെട്ടിട്ടുള്ള മതപരമായ വേലിക്കെട്ടുകള്‍ തകര്‍ത്തു മുന്നേറിയാലല്ലാതെ കേരളീയ ജനതയ്ക്ക് സ്വയം പരിഷ്കരിക്കാനും മനുഷ്യസമൂഹത്തിന്റെ പുതിയ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ സാഹിത്യവും സംസ്കാരവും വികസിപ്പിച്ചെടുക്കാനും സാധ്യമല്ല.
എന്നാല്‍ ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് ഇതിഹാസ സമാനമായ വൈചാരിക മുന്നേറ്റമാണ് കേരളത്തില്‍ നടന്നത്. പി.പരമേശ്വര്‍ജിയും പി. മാധവ്ജിയുടെയും നേതൃത്വത്തില്‍ നടത്തിയ വൈചാരിക മഥനത്തില്‍ രാവണപക്ഷം തോറ്റൊടുങ്ങിയെന്ന് ചരിത്രം.
കേരളം കര്‍ക്കിടകത്തെ രാമായണമാസമാക്കി മാറ്റി. കേവല വായനക്കപ്പുറത്തേക്ക് രാമായണദര്‍ശനം ജീവിതത്തിന് വഴികാട്ടുന്ന തരത്തിലുള്ള ആഴമേറിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത് അങ്ങനെയാണ്. ഒരു വര്‍ഷം കഴിയുമ്പോഴേക്കും ഇഎംഎസ്സടക്കം അടവുമാറ്റി. രാമായണം പോലെയുള്ള ക്ലാസിക് കൃതികള്‍ ഇന്ത്യന്‍ ജനതയുടെ പൊതുസ്വത്താണെന്നും ഒരു കാര്യവിചാരവുമില്ലാതെ മാര്‍ക്സിസ്റ്റ് വിമര്‍ശകര്‍ അത്തരം കൃതികളെ വിമര്‍ശിച്ചത് പ്രാകൃതമായ മാര്‍ക്സിസമാണെന്നും നമ്പൂതിരിപ്പാടു ചുവടുമാറ്റി.
രാമായണ മാസാചരണത്തെക്കുറിച്ച് ഭാരതീയവിചാരകേന്ദ്രം ഡയരക്ടര്‍ പി.പരമേശ്വരന്‍ പറയുന്നു, “കര്‍ക്കിടകമാസത്തില്‍ രാമായണ വായന കേരളത്തില്‍ പതിവുണ്ടായിരുന്നു. എന്നാല്‍ രാമായണമാസാചരണം അതിന് സാമൂഹികമായ മാനം നല്‍കി. രാമായണത്തെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചും പ്രബുദ്ധമായ ചര്‍ച്ചകള്‍ നടന്നു. രാമായണം സമൂഹജീവിതത്തിനുപയുക്തമായ രീതിയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് മാസാചരണം ലക്ഷ്യംവെച്ചത്. കേവലം വായനമാത്രമല്ല”
ഇന്ന് ക്ഷേത്രസങ്കേതങ്ങള്‍ മുതല്‍ സര്‍വ്വകലാശാലകള്‍ വരെ രാമായണചര്‍ച്ചകള്‍ നടക്കുന്നു. മാധ്യമങ്ങളില്‍ രാമായണ മാസദിനാചരണങ്ങളുടെ വാര്‍ത്തകള്‍ കൊണ്ട് നിറയുന്നു. കള്ളക്കര്‍ക്കിടകം രാമായണമാസാചരണത്തിന് വഴിമാറിയത് സോദ്ദേശ്യ പൂര്‍ണ്ണമായ ഒരു പ്രയത്നത്തിന്റെ ഫലമായിരുന്നു. കേരളത്തെ പുന:സൃഷ്ടിക്കാനുള്ള മഹാപ്രയത്നത്തിലെ ചെറുതല്ലാത്ത ഒരു ചുവട്.
ആ ചരിത്ര മുഹൂര്‍ത്തത്തെ പി.പരമേശ്വരന്‍ ഓര്‍ത്തെടുക്കുന്നു
“വിശാലഹിന്ദുസമ്മേളനം ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല. ഭാരതത്തിലെമ്പാടും ഇത്തരം വിരാട് ഹിന്ദുസമ്മേളനങ്ങള്‍ നടന്നിരുന്നു. അതിന്റെ ഭാഗമായാണ് കൊച്ചിയിലും വിശാലഹിന്ദുസമ്മേളനം നടന്നത്. ഡോ.കരണ്‍സിംഗായിരുന്നു അന്ന് മുഖ്യാതിഥിയായി പങ്കെടുത്തത്. എം.കെ. കെ. നായര്‍,പി. മാധവ്ജി, കെ.ഭാസ്കര്‍ റാവുജി എന്നിവരൊക്കെയായിരുന്നു ഇതിന്റെ മുഖ്യ ആസൂത്രകരായി ഉണ്ടായിരുന്നത്.പുരോഗമനകലാസാഹിത്യസംഘം രാമായണവും ഭാരതവും ചുട്ടെരിക്കണമെന്ന ആഹ്വാനം മുഴക്കിയകാലമായിരുന്നു അത്. പലയിടങ്ങളിലും അവരത് നടപ്പാക്കുകയും ചെയ്തു. നമ്മുടെ പൈതൃകത്തെ നശിപ്പിക്കാനുള്ള നീക്കമായാണ് ഇതിനെ കണ്ടത്. ഈ സാഹചര്യത്തിലാണ് രാമായണമാസാചരണം വ്യാപകമായി നടത്തണമെന്ന ചിന്ത ഉടലെടുത്തത്. വിശാലഹിന്ദു സമ്മേളനത്തിന്റെ കൊച്ചി യോഗത്തില്‍ വച്ച് അത്തരമൊരു പ്രമേയം അംഗീകരിക്കുകയും ചെയ്തു.
“വിശാലഹിന്ദുസമ്മേളനം ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല. ഭാരതത്തിലെമ്പാടും ഇത്തരം വിരാട് ഹിന്ദുസമ്മേളനങ്ങള്‍ നടന്നിരുന്നു. അതിന്റെ ഭാഗമായാണ് കൊച്ചിയിലും വിശാലഹിന്ദുസമ്മേളനം നടന്നത്. ഡോ.കരണ്‍സിംഗായിരുന്നു അന്ന് മുഖ്യാതിഥിയായി പങ്കെടുത്തത്. എം.കെ. കെ. നായര്‍,പി. മാധവ്ജി, കെ.ഭാസ്കര്‍ റാവുജി എന്നിവരൊക്കെയായിരുന്നു ഇതിന്റെ മുഖ്യ ആസൂത്രകരായി ഉണ്ടായിരുന്നത്.പുരോഗമനകലാസാഹിത്യസംഘം രാമായണവും ഭാരതവും ചുട്ടെരിക്കണമെന്ന ആഹ്വാനം മുഴക്കിയകാലമായിരുന്നു അത്. പലയിടങ്ങളിലും അവരത് നടപ്പാക്കുകയും ചെയ്തു. നമ്മുടെ പൈതൃകത്തെ നശിപ്പിക്കാനുള്ള നീക്കമായാണ് ഇതിനെ കണ്ടത്. ഈ സാഹചര്യത്തിലാണ് രാമായണമാസാചരണം വ്യാപകമായി നടത്തണമെന്ന ചിന്ത ഉടലെടുത്തത്. വിശാലഹിന്ദു സമ്മേളനത്തിന്റെ കൊച്ചി യോഗത്തില്‍ വച്ച് അത്തരമൊരു പ്രമേയം അംഗീകരിക്കുകയും ചെയ്തു.
വീടുകളില്‍ ഒറ്റപ്പെട്ട നിലയില്‍ രാമായണവായന നടന്നുവന്നിരുന്നു. എന്നാല്‍ ഊര്‍ജ്ജസ്വലമായ രീതിയില്‍ നടന്നിരുന്നില്ല. കേവലം രാമായണ പാരായണം മാത്രമായിരുന്നില്ല രാമായണ മാസാചരണം ലക്ഷ്യം വെച്ചത്. രാമായണത്തിന്റെ പ്രസക്തിയും പ്രാധാന്യവും വിശദമാക്കുന്ന വിചാരസഭകളും പ്രഭാഷണങ്ങളും ആരംഭിച്ചു.
ഇന്ന് പാരായണം മാത്രമായി ഒതുങ്ങിപ്പോവുകയാണ്. വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം നടക്കുന്നുണ്ട്. എന്നാല്‍ രാമായണത്തിന്റെ പ്രാധാന്യവും പ്രസക്തിയും സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്ന പരിപാടികള്‍ പൊതുവേ കുറവാണ്. രാമായണത്തിന്റെ പ്രസക്തി ഇന്നു കൂടിവരികയാണ്. ഉത്തമഭരണാധികാരിയുടെയും ഉത്തമഭര്‍ത്താവിന്റെയും ഭാര്യയുടെയും സഹോദരസ്നേഹത്തിന്റെയും ഉദാത്ത മാതൃകകള്‍ രാമായണം കാണിച്ചുതരുന്നു. രാമായണ കഥാപാത്രങ്ങള്‍ ആദര്‍ശമാതൃകകളാണ്. ശ്രീരാമനെ മാതൃകാപുരുഷനായാണ് വാല്മീകി അവതരിപ്പിക്കുന്നത്. ആനുകാലിക സമൂഹത്തിന്റെ ധാര്‍മിക അപചയത്തിന് നമ്മുടെ പാരമ്പര്യത്തില്‍ നിന്നും പരിഹാരം കണ്ടെത്തണം. അതിന് രാമായണ മാസാചരണം ഉപയുക്തമാക്കണം.”
No comments:
Post a Comment