Aug 8, 2012

ക്ഷേത്രസന്നിധിയില്‍ സ്പെയിന്‍ വധൂവരന്മാര്‍ വിവാഹിതരായി


ക്ഷേത്രസന്നിധിയില്‍ സ്പെയിന്‍ വധൂവരന്മാര്‍ വിവാഹിതരായി


മട്ടാഞ്ചേരി: ശ്രീരാമക്ഷേത്രസന്നിധിയില്‍ സനാതനധര്‍മ്മാചാരവിധിചടങ്ങുകളോടെ സ്പെയിനിലെ വധൂവരന്മാര്‍ വിവാഹിതരായി. കരുവേലിപ്പടി പടിഞ്ഞാറ്‌ ആര്യക്കാട്‌ ശ്രീരാമക്ഷേത്രത്തിലാണ്‌ സ്പെയിനിലെ വരന്‍ ഡേവിഡ്‌ ഇലീനയും വധു ആനെയ്സ്‌ കോഡിനയും പരസ്പരം വരണമാല്യം ചാര്‍ത്തിയത്‌. ഞായറാഴ്ച രാവിലെ 10.30 നുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്രപൂജകള്‍ക്കുശേഷം നടന്ന വിവാഹചടങ്ങുകള്‍ക്ക്‌ ഭക്തജനങ്ങളും ക്ഷേത്രഭാരവാഹികളും നാട്ടുകാരും വിദേശസുഹൃത്തുക്കളും സാക്ഷികളായി.
സ്പെയിനിലെ ബാര്‍സിലോണയില്‍ അഷ്ടാംഗയോഗ ടീച്ചറാണ്‌ 23-കാരിയായ വധു ആനെയ്സ്‌ കോഡിന സാല. ബാര്‍സിലോണയിലെ ഫോട്ടോഗ്രാഫറാണ്‌ 35 കാരനായ വരന്‍ ഡേവിഡ്‌ എലിന ഗിവ്ജറോ. ഇരുവരുടെയും സുഹൃത്തുക്കളുടെ കൂട്ടായ്മ വേളയിലാണ്‌ ആദ്യമായി ആനെയ്സും ഡേവിഡും കണ്ടുമുട്ടിയതെന്നും നാല്‌വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഡേവിഡ്‌ പറഞ്ഞു. അനെയ്സിന്റെ ആഗ്രഹപ്രകാരമാണ്‌ ക്രൈസ്തവ കത്തോലിക്ക വിശ്വാസികളായ ഇരുവരും ഹിന്ദുമതാചാരചടങ്ങുകളോടെ വിവാഹിതരാകാന്‍ തീരുമാനിച്ചത്‌. ഇതിനകം മൂന്നുതവണ കൊച്ചി സന്ദര്‍ശിച്ച ആനെയ്സ്‌ അമരാവതിയിലെ ശാന്തി യോഗാസന വേദാന്ത സ്റ്റഡീസിലെ സജീവന്‍-അജിയുമൊത്താണ്‌ വിവാഹ ഒരുക്കങ്ങള്‍ നടത്തിയത്‌. വിവാഹത്തിനായി വെള്ളിയാഴ്ച കൊച്ചിയിലെത്തിയ ഡേവിഡിന്റെ ആദ്യ മലയാളക്കര സന്ദര്‍ശനമാണിത്‌.
ഞായറാഴ്ച രാവിലെ കേരളീയ വസ്ത്രധാരണവുമായാണ്‌ വധൂവരന്മാര്‍ വിവാഹത്തിനായെത്തിയത്‌. കോടിമുണ്ടും സില്‍ക്ക്‌ ഷര്‍ട്ടുമണിഞ്ഞാണ്‌ ഡേവിഡ്‌ എത്തിയത്‌. സുഹൃത്തുക്കളായ ഹോണ്ടുകാരായ സ്റ്റിജിനും അന്‍ട്രീസും ഒപ്പമുണ്ടായിരുന്നു. നീലബ്ലൗസും സെറ്റുമുണ്ടുമായുള്ള സാരി ധരിച്ചാണ്‌ ആനെയ്സ്‌ എത്തിയത്‌.
ക്ഷേത്രപൂജകള്‍ക്ക്‌ ശേഷം നിറപറയും നിലവിളക്കുമൊരുക്കിയ ശ്രീരാമക്ഷേത്രപൂജാവിഗ്രഹത്തെ തൊഴുതുനിന്നാണ്‌ ഡേവിഡും ആനെയ്സും വിവാഹച്ചടങ്ങുകളില്‍ മുഴുകിയത്‌. ക്ഷേത്രമേല്‍ശാന്തി ശിവലാല്‍ ശര്‍മ്മയുടെ കാര്‍മികത്വത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ ഫോര്‍ട്ടുകൊച്ചി സ്വദേശി സജീവനും മാതാവ്‌ സുലഭ മനോഹരനും ചേര്‍ന്ന്‌ വധു ആനെയ്സിന്റെ കൈ ഡേവിഡിന്റെ കയ്യുമായി ചേര്‍ത്ത്‌ കന്യാദാനവും നടത്തി. തുടര്‍ന്ന്‌ ഇരുവരും പരസ്പരം പുഷ്പമാല ചാര്‍ത്തി. ഗുരുവായൂരപ്പന്റെ ലോക്കറ്റുമായുള്ള മഞ്ഞച്ചരടിന്റെ താലി ഡേവിഡ്‌ ആനെയ്സിനെ ചാര്‍ത്തിയതോടെ ഇരുവരുടെയും കണ്ണുകളില്‍ ആനന്ദാശ്രുവുണ്ടായി. തിലകം ചാര്‍ത്തി പ്രസാദവും വാങ്ങി വധൂവരന്മാര്‍ കാര്‍മ്മികന്‌ ദക്ഷിണയും നല്‍കി ക്ഷേത്രപ്രദക്ഷിണം നടത്തിയതോടെ അരമണിക്കൂര്‍ നീണ്ട വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയായി. ക്ഷേത്രാങ്കണത്തില്‍ ഒത്തുകൂടിയവരില്‍നിന്ന്‌ വിവാഹാനുഗ്രഹവും ഏറ്റുവാങ്ങി നവദമ്പതികളായ ഡേവിഡ്‌-ആനെയ്സ്‌ ഫോര്‍ട്ടുകൊച്ചിയിലെ താമസസ്ഥലത്തേക്ക്‌ മടങ്ങി.
യോഗാധ്യാപികയായ തനിക്ക്‌ ഭാരതീയ ജീവിതത്തോടും സംസ്കാരത്തോടും ഏറെ താല്‍പര്യമാണുയര്‍ത്തിയതെന്നുള്ളതാണ്‌ തന്റെ വിവാഹം ഹൈന്ദവാചാരപ്രകാരം ഇന്ത്യയില്‍തന്നെ നടക്കണമെന്നാഗ്രഹിച്ചതെന്ന്‌ ആനെയ്സ്‌ കോഡിന പറഞ്ഞു. കേരളീയ വിവാഹവസ്ത്രമായ മുണ്ടും ഷര്‍ട്ടുമണിഞ്ഞതില്‍ ഏറെ ആനന്ദമുണ്ടായതായും ഹിന്ദു വിവാഹരീതി തനിക്കും ഏറെ ജീവിതാനന്ദത്തിന്റെ ഉല്ലാസമുണര്‍ത്തിയതായി ഡേവിഡ്‌ ഇലീനയും പറഞ്ഞു.
ഒരുമാസം നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ സന്ദര്‍ശനത്തിനായി നവദമ്പതികളായ ഡേവിഡും ആനെയ്സും ബുധനാഴ്ച കൊച്ചിയില്‍നിന്നും യാത്രതിരിക്കും. പിന്നെ കുടുംബജീവിതത്തിനായി സ്പെയിനിലെ ബാര്‍സിലോണയിലേക്കും. ഇന്ത്യന്‍ കുടുംബജീവിതസങ്കല്‍പ്പത്തില്‍ കുടുംബജീവിതമാഗ്രഹിക്കുന്നതിനോടൊപ്പം ഇന്ത്യക്കാരിയായി മാറുവാനും ആഗ്രഹിക്കുന്ന ആനെയ്സിന്റെ ആഗ്രഹത്തിനൊത്ത്‌ ജീവിക്കുവാനാണ്‌ ഡേവിഡ്‌ ഇലീനക്കും ഇഷ്ടം.
ഒരുപക്ഷെ വര്‍ഷങ്ങള്‍ക്കുശേഷം തങ്ങള്‍ ഇന്ത്യയില്‍ താമസക്കാരായെത്തുമെന്ന വിശ്വാസമാണ്‌ നവദമ്പതികള്‍ക്കുള്ളത്‌.

No comments: