Oct 12, 2011

അഭിനവ ‘ഭരത്ചന്ദ്രന്‍’ ആയി മാറിയ അസിസ്റ്റന്‍റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള


കോഴിക്കോട് കുട്ടികള്‍ക്ക് നേരെ നാലുറൌണ്ട് നിറയൊഴിച്ച് അഭിനവ ‘ഭരത്ചന്ദ്രന്‍’ ആയി മാറിയ അസിസ്റ്റന്‍റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള ഇപ്പോള്‍
ചാനലുകളായ ചാനലുകളിലെല്ലാം വിളങ്ങിനില്‍ക്കുകയാണ്. തോക്കുമായി കുട്ടികള്‍ക്കുനേരെ ചീറിയടുക്കുന്ന പിള്ളയെ കണ്ടപ്പോള്‍, തീവ്രവാദികളെ തുരത്താനായി വന്ന ഏതോ ആദര്‍ശധീരനായ പൊലീസ് ഉദ്യോഗസ്ഥനെയാണ് ഓര്‍മ്മ വന്നത്. എന്നാല്‍ രാധാകൃഷ്ണപിള്ളയുടെ പൂര്‍വ ചരിത്രം കേട്ടാല്‍ ആര്‍ക്കും പിടികിട്ടും അദ്ദേഹത്തിന്‍റെ ആദര്‍ശധീരത. മണിച്ചനെ ഓര്‍മ്മയില്ലേ? നമ്മുടെ കല്ലുവാതുക്കല്‍ മണിച്ചന്‍ തന്നെ.
കക്ഷിയുടെ വിവാദമായ ഡയറിയില്‍ രാധാകൃഷ്ണപിള്ളയുടെ പേരും പണ്ട് വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതിയിരുന്നു. മണിച്ചന്‍റെ കയ്യില്‍ നിന്നും മാസപ്പടി വാങ്ങുന്നവരുടെ പട്ടികയില്‍ മുമ്പനായിരുന്നുവത്രെ പിള്ള. അന്ന് കൊല്ലത്ത് സി ഐ ആയിരുന്നു ഇദ്ദേഹം. ഡയറിയില്‍ പേരുവന്നത് വിവാദമായതോടെ രാധാകൃഷ്ണപിള്ളയെ കോഴിക്കോട് കസബ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. എന്നാല്‍ പിള്ള കസബയില്‍ അടങ്ങിയിരുന്നോ? അവിടെ ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ചുള്ള റെയ്ഡുകള്‍ രാധാകൃഷ്ണപിള്ളയെ വീണ്ടും വിവാദപുരുഷനാക്കി. ലോഡ്ജുകളില്‍ നടത്തുന്ന അനാവശ്യ പരിശോധനയും വിവാദമായി.
പിന്നീട് ഫറോക്കില്‍ ഒരാളുടെ കൈയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ രാധാകൃഷ്ണപിള്ള വിജിലന്‍സ് പിടിയിലായി. അന്ന് സിനിമാസ്റ്റൈലില്‍ നെഞ്ചുവേദന വന്ന് പിള്ള വീണതൊക്കെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ആ കേസില്‍ കൊല്ലത്തേക്ക് സ്ഥലം മാറ്റം കിട്ടിയെങ്കിലും രാധാകൃഷ്ണപിള്ള വീണ്ടും കോഴിക്കോട്ട് തിരിച്ചെത്തി. രാധാകൃഷ്ണപിള്ള കൈക്കൂലിക്കേസില്‍ അറസ്റ്റിലായപ്പോള്‍ ഒരു സ്ത്രീപീഡനക്കേസില്‍ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാതെ അകാരണമായി നാട്ടുകാരെ മര്‍ദ്ദിച്ചത് വീണ്ടും രാധാകൃഷ്ണപിള്ളയെ വിവാദ നായകനാക്കി.
ഡി വൈ എഫ് ഐക്കാരെ എവിടെക്കണ്ടാലും ഓടിച്ചിട്ട് അടിക്കുന്ന ഉദ്യോഗസ്ഥന്‍ എന്ന പേരും പിള്ളയ്ക്ക് സ്വന്തം. എന്തായാലും വേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാതെ കുട്ടികള്‍ക്കെതിരെ വെടിവച്ച് വീണ്ടും വീരപുരുഷനായിരിക്കുകയാണ് രാധാകൃഷ്ണപിള്ള. ആരാണ് പിള്ളയ്ക്ക് വെടിവയ്ക്കാന്‍ അനുവാദം കൊടുത്തത് എന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല

No comments: