May 5, 2012

ഭാര്യയ്ക്ക് ചെലവിന് കൊടുക്കാന്‍ പറ്റില്ലെങ്കില്‍ വിവാഹം കഴിക്കരുതെന്ന് കോടതി


ഭാര്യയ്ക്ക് ചെലവിന് കൊടുത്ത് സംരക്ഷിക്കാന്‍ പറ്റാത്തവന്‍ കല്യാണം കഴിക്കാന്‍ പോകരുതെന്ന് കോടതി പറഞ്ഞു. മുംബൈ ഹൈക്കോടതിയില്‍ ഡൈവോഴ്‌സ് കേസിന്റെ അപ്പീലുമായി ചെന്ന ഒരു ആര്‍ട്ട് ഡയറക്ടര്‍ക്കാണ് കോടതി വക ഈ നിര്‍ദേശം ലഭിച്ചത്. ദീപക്‌ എന്ന ആര്‍ട്ട് ഡയറക്ടര്‍, തന്റെ ഭാര്യയുമായുള്ള വിവാഹ മോചനം ആവശ്യപ്പെട്ട് ഫാമിലി കോടതിയില്‍ നല്‍കിയ ഡൈവോഴ്‌സ് പെറ്റീഷന്‍ കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ മുബൈ ഹൈക്കോടതിയില്‍ അപ്പീലുമായി എത്തിയത്.

മലാഡ് സ്വദേശിയായ ദീപക് (30), ഭാര്യ ദീപ (32)യ്ക്ക് പ്രതിമാസം 6,000 രൂപ വീതം മെയിന്റനന്‍സ് നല്‍കാന്‍ 2011 ഫെബ്രുവരി 28ന് കോടതി വിധിച്ചിരുന്നു. ടെലിവിഷന്‍ പ്രോഗാം രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന വ്യക്തിയാണ് ദീപക്. അപ്പീല്‍ പരിഗണിയ്ക്കുന്നതിനായി ബുധനാഴ്‌ച്ച കോടതി മുമ്പാകെ എത്തിയപ്പോള്‍ ദീപക് ഇതുവരെ മെയ്ന്റനന്‍സ് നല്‍കേണ്ടതില്‍ 2.76 ലക്ഷം രൂപയുടെ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് കോടതി മുമ്പാകെ അറിയിച്ചു. ജസ്റ്റീസ് പി.ജി മജുംദാര്‍, ജസ്റ്റീസ് അനൂപ് മേത്ത എന്നിവരുടെ ഡിവിഷന്‍ ബഞ്ച് മുമ്പാകെയാണ് കേസ് പരിഗണനയ്ക്ക് വന്നത്.

പണം നല്‍കുന്നതില്‍ വീഴ്‌ച്ച വരുത്തിയ ദീപക്, ഈ കാലയിളവില്‍ നാല് ചാനലുകളിലായി നാല് സീരിയലുകള്‍ക്ക് വേണ്ടി ആര്‍ട്ട് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദീപയുടെ അഭിഭാഷകന്‍ കോടതി മുമ്പാകെ അറിയിച്ചു. എന്നാല്‍ ദീപക്കിന് മുന്‍പ് ഉണ്ടായിരുന്ന വരുമാനം ഇപ്പോഴില്ലെന്നും ജോലി ചെയ്തിരുന്നതില്‍ ഒരു ചാനല്‍ അടച്ചുപൂട്ടിയെന്നും അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ വിവാഹത്തിനു ശേഷം തനിക്ക് ഭാര്യയെ സംരക്ഷിക്കാന്‍ ആവില്ലെന്ന് പറയാന്‍ ഒരു ഭര്‍ത്താവിനും പറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു. അങ്ങനെയുള്ളവര്‍ വിവാഹം കഴിക്കരുത്. വിവാഹ ശേഷം തനിക്ക് ദാരിദ്ര്യമാണ് എന്ന് ഒഴിവു കഴിവ് പറഞ്ഞ് നടക്കാന്‍ പറ്റില്ലെന്നും കോടതി പറഞ്ഞു.

ദീപയും ദീപക്കും വിവാഹിതരാകുന്നത്, 2005 സെപ്തംബര്‍ 30നാണ്. എന്നാല്‍ 2006, മെയ് 4 ം തീയതി ദീപ ഇവര്‍ താമസിച്ചു വന്നിരുന്ന വീട്ടില്‍ നിന്നും പിണങ്ങി പോവുകയായിരുന്നു. തുടര്‍ന്ന് പലവട്ടം ദീപയെ തിരികെ കൊണ്ടുവന്ന് ഒരുമിച്ച് താമസിക്കുന്നതിനു വേണ്ടി ദീപക് ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ദീപയ്ക്ക് അതില്‍ താത്‌പര്യം ഉണ്ടായിരുന്നില്ലെന്നും ദീപക്കിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് 2008ല്‍, ദീപക് ഡൈവോഴ്‌സ് പെറ്റീഷന്‍ ഫയല്‍ ചെയ്തത്. ദീപക്കുമായുള്ള ഡൈവോഴ്‌സ് കേസ് സെറ്റില്‍ ചെയ്യുന്നതിന് ദീപ ആവശ്യപ്പെടുന്നത് 10 ലക്ഷം രൂപയാണെന്നും അയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ദീപ, ദീപക്കിനൊപ്പം ജീവിക്കാന്‍ തയ്യാറാണെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജസ്റ്റീസ് മജുംദാര്‍ ദീപക്കിനോട് പണം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. 'ഭര്‍ത്താവിന് ഭാര്യയോടൊപ്പം കഴിയാന്‍ താത്‌പര്യമില്ലെങ്കില്‍, ഭാര്യയ്ക്ക് ചെലവിന് നല്‍കുക തന്നെ വേണം'- കോടതി പറഞ്ഞു. ദീപക്കു ദീപയും തമ്മില്‍ മാനസികമായി ഏറെ അകന്നും കഴിഞ്ഞുവെന്നും കഴിഞ്ഞ ഏഴ്‌ വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും അതുകൊണ്ട് ഇനി ഒരുമിച്ച് ജീവിക്കാന്‍ ദീപക്കിന് താത്‌പര്യമില്ലെന്നും അയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് ഇപ്പോള്‍ കുടിശ്ശിക വരുത്തിയിട്ടുള്ള 'മെയിന്റനന്‍സ്' തുക കോടതിയില്‍ കെട്ടിവയ്ക്കാന്‍ ജഡ്‌ജി ആവശ്യപ്പെട്ടു. അപ്പീല്‍ കേസിന്റെ വാദം തുടരുകയാണ്.